സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു
തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്.
കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്. വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും നൽകി പോലീസ് പാസെടുക്കണം.
17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ 8.45ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. അന്ന് രാവിലെ ആറുമുതൽ ഒന്‍പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.