Friday, December 27, 2024
Latest:
National

‘എന്റെ മകൾ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു’; ഡീപ് ഫേയ്ക്കില്‍ കുരുങ്ങി സച്ചിനും, ആശങ്ക പങ്കിട്ട് താരം

Spread the love

ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ​ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീ‍ഡിയോയിൽ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. ഒരു മൊബൈൽ ​ഗെയിംമിം​ഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ​ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിൻ എക്സിൽ പ്രതികരണവുമായി രം​ഗത്തുവന്നത്.

സാങ്കേതികവിദ്യ ദുരുപയോഗിച്ചുള്ള വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും സമൂഹമാധ്യമ കമ്പനികള്‍ ഇത്തരം പരാതികള്‍ മുഖവിലയ്ക്കെടുത്ത് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. അടുത്തിടെ ബോളിവു‍ഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, രാശ്മിക മന്ദാനയടക്കം നിരവധി പേരാണ് ഡീപ് ഫേയ്ക് വീ‍ഡിയോയ്‌ക്ക് ഇരയായത്.