ഏകീകൃത കുർബാന; മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സിറോ മലബാർ സഭ സിനഡ്
ഏകീകൃത കുർബാനയിൽ മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സിറോ മലബാർ സഭ സിനഡ്. മാർപാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ മേജർ ആർച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സർക്കുലർ ആണിത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 9ന് സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
Read Also: മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്
ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.
1956 ഏപ്രിൽ 21-നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ചു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ.