Kerala

മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതിനെതിരെ കൊച്ചി സിറ്റിപരിധിയിൽ ആദ്യ കേസെടുത്തു; ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും യുവതി

Spread the love

കൊച്ചിയിൽ മുത്തലാഖ് ചൊല്ലി വിവാ​ഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭർ‌ത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തി എന്നാണ് കേസ്. മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്.

മുത്തലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി. ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയിൽ‌ പറയുന്നു. പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്.

യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകൾക്കൊപ്പം ചുമത്തിയിട്ടുണ്ട്. 2019 ആ​ഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയിരുന്നത്.