കൈവെട്ട് കേസ് : പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ
കൈവെട്ട് കേസിൽ പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ. കോടതിയിൽ ഇതിനായുള്ള അപേക്ഷ എൻഐഎ ഫയൽ ചെയ്തു. പ്രൊഫസർ ടി.ജെ.ജോസഫ്, കുറ്റകൃത്യം കണ്ട മറ്റ് ദൃക്‌സാക്ഷികൾ എന്നിവരെ സവാദ് കിടക്കുന്ന എറണാകുളം സബ് ജയിലിൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർ, ഗൂഢാലോചന തുടങ്ങി വിവിധ മേഖലകളിൽ വിശദമായ അന്വേഷണം നടക്കും. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെയാണ് കണ്ണൂർ മട്ടന്നൂർ ബേരത്ത് നിന്നും പ്രതി സവാദ് പിടിയിലാകുന്നത്.
അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദ് പിടിയിലാകുന്നത് ഇന്നലെയാണ്. കേസിൽ ഒന്നാം പ്രതിയായ സവാദിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിൽ സംഭവത്തിനു ശേഷം 13വർഷമായി സവാദ് ഒളിവിലായിരുന്നു. കണ്ണൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇന്ന് പുലർച്ചെ സവാദിനെ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് കൈവെട്ട് കേസ് പ്രതി ഒളിവിൽ കഴിഞ്ഞത്. മട്ടന്നൂർ ബേരത്ത് വാടകവീട്ടിൽ ഭാര്യക്കും മക്കൾക്കും ഒപ്പം ആശാരിപ്പണിയെടുത്തായിരുന്നു താമസം. ആദ്യം കണ്ണുർ വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തേക്കും താമസം മാറുകയായിരുന്നു. ആദ്യം താനാണ് സവാദെന്ന് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു. ഷാജഹാൻ എന്ന പേരാണ് എല്ലാവരോടും പറഞ്ഞിരുന്നതെന്നും പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അയൽവാസി നൗഫൽ പറഞ്ഞു.
പ്രൊഫസർ ടിജെ ജോസഫിൻറെ കൈവെട്ടി മാറ്റിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദായിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നു. നേരത്തെ നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.