സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്.
പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് ഉൾപ്പടെ പതിനൊന്നു പേർക്ക് ഒരേ സമയം ഹെലികോപ്റ്ററിൽ യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം,ദുരന്ത മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്കെത്തിച്ചത്.
കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് ആദ്യമായി സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തത്. രൂക്ഷ വിമർശനം ഉയർന്നതോടെ ഒരു വർഷം കഴിഞ്ഞപ്പോൾ കരാർ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം രണ്ടര വർഷം കഴിഞ്ഞ് 2023ലാണ് സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകക്കെത്തിച്ചത്.