സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി; പിടിയിലായത് മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ!
തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എൻഐഎ സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്.
രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ സവാദിനെ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലർത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലർച്ചെയായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയാറായില്ലായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു.
സവാദ് കണ്ണൂരിൽ തന്നെയുണ്ടായിരുന്നെന്നാണ് വിവരം.സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്. 13 വർഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്.
പ്രൊഫസർ ടി. ജെ ജോസഫിൻറെ കൈവെട്ടിയ കേസിൽ കഴിഞ്ഞവർഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.
ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.