ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്ര ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രൻ
കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിൻ്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിൻ്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ക്ഷണം കോൺഗ്രസ് നിരസിച്ചു. ചടങ്ങ് ആർഎസ്എസ്-ബിജെപി പരിപാടിയാണെന്നും ആദരവോടെ ക്ഷണം നിരസിക്കുന്നു എന്നും കോൺഗ്രസ് പറഞ്ഞു. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്നും കോൺഗ്രസ് വിമർശിച്ചു. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്.