National

സിപിഎം തീവ്രവാദ പാര്‍ട്ടിയെന്ന് മമത ബാനര്‍ജി: ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുക്കവുമായി തൃണമൂൽ

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. സിപിഎമ്മുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയ മമത ബാനർജി സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന് കുറ്റപ്പെടുത്തി. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ചർച്ചകള്‍ക്കായി ജില്ലാ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.

ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂർ ജില്ല നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ചർച്ചയോടെയാണ് തൃണമൂല്‍ കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും മമത ബാനർജി നേതൃ യോഗങ്ങളില്‍ പങ്കെടുക്കും. സ്ഥാനാർത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ എന്നിവയാണ് പ്രധാനമായും ചർച്ച. 2019 ല്‍ ബിജെപി 18 സീറ്റ് നേടി നടത്തിയ കുതിപ്പ് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് കഠിനശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെ സിപിഎമ്മുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് മമത പ്രഖ്യാപിച്ചു.

സഖ്യത്തിനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയതിന് പിന്നാലെയാണ് തീവ്രവാദി പാര്‍ട്ടിയെന്നടക്കമുള്ള അധിക്ഷേപത്തോടെ മമത സഖ്യമില്ലെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിജെപിയെ സഹായിക്കുന്നത് സിപിഎം ആണെന്നും ബംഗാള്‍ മുഖ്യമന്ത്രി ജയ്നഗറില്‍ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ മമത ബാന‍ർജി കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ബംഗാളില്‍ ബിജെപിക്കും സിപിഎമ്മിനും എതിരാണ് പോരാട്ടമെന്നാണ് ത‍ൃണമൂല്‍ വാദം. 2019 ല്‍ ജയിച്ച രണ്ട് സീറ്റ് മാത്രം തരാമെന്ന മമതയുടെ ഓഫർ കോണ്‍ഗ്രസ് നേതാവ് അധിർ രഞ‌്ജൻ ചൗധരി തള്ളിയിരുന്നു. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണെങ്കിലും മമത കൂടുതല്‍ സീറ്റ് നല്‍കാൻ തയ്യാറായാല്‍ കൂടെ പോകാൻ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നടന്ന ബ്രിഗേ‍ഡ് പരേഡ് ഗ്രൗണ്ട് റാലിയുടെ വിജയം അടക്കം മമതയുടെ കടുപ്പിച്ചുള്ള പ്രതികരണത്തിന് പിന്നിലുണ്ടെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.