Monday, November 18, 2024
Latest:
World

മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയിലേക്ക്; മുഹമ്മദ് മുയിസു ഈ മാസം അവസാനം സന്ദർശനത്തിനെത്തിയേക്കും

Spread the love

വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം സന്ദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനം. നവംബർ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്.

അധികാരമേറ്റ ശേഷം തുർക്കിയിലും, യുഎലിയും മുഹമ്മദ് മുയിസു സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുക. യുഎഇയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പുകൾ വൻ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു.

മന്ത്രിമാർ പറഞ്ഞത് തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് സർക്കാർ വ്യക്തമാക്കിയിരുന്നു. മോദിക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയ മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.