ഇടുക്കിയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ; വ്യാപാരി വ്യവസായി പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ; കനത്ത സുരക്ഷ
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ ദിവസം ഗവർണർ ഇടുക്കിയിൽ എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഗവർണറുടെ നടപടി ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐഎം ആരോപിക്കുന്നു.
ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. സിപിഐഎം-ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്. അതേസമയം വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. വ്യാപാരികളെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിയത്.