ഗവർണർക്ക് SFI-DYFI പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം; പൊലീസിൽ പരാതി നൽകി BJP
ഗവർണർക്കെതിരായ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം വിളിയിൽ പൊലീസീൽ പരാതി നൽകി ബിജെപി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നൽകിയത്. ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ഇടുക്കി സന്ദർശനത്തിനിടെയാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം ഉയർന്നത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് പൊലീസിൽ പരാതി നൽകിയത്. തൊടുഴയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് ഗവർണർ ഇടുക്കിയിലെത്തിയത്.
നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. ഇടുക്കിയിൽ ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത്. ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവും നടന്നു.