മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് തെരഞ്ഞെടുപ്പിൽ തോറ്റു; ഭജൻലാൽ സർക്കാരിന് നാണക്കേടായി കരൺപൂർ ഫലം
രാജസ്ഥാനിൽ ഭജൻലാൽ സർക്കാരിന് കനത്ത തിരിച്ചടി. ശ്രീ ഗംഗഞ്ചർ ജില്ലയിലെ കരൺപൂർ നിയമസഭാ സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും ക്യാബിനറ്റ് മന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗ് ടി.ടി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് ഡിസംബർ 30 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
നവംബർ 15ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കൂനറിന്റെ നിര്യാണത്തെ തുടർന്നാണ് കരൺപൂർ നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജനുവരി അഞ്ചിനായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ ഇന്നായിരുന്നു. ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രൂപീന്ദർ സിംഗ് കൂനർ 11,283 വോട്ടറുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ കണക്കനുസരിച്ച് കൂനർ 94,950 വോട്ടുകൾ നേടിയപ്പോൾ സിംഗിന് 83,667 വോട്ടുകളാണ് ലഭിച്ചത്.
പ്രതിപക്ഷമായ കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് മുഖ്യമന്ത്രി ഭജൻലാൽ ശർമ സുരേന്ദ്രനെ മന്ത്രിയാക്കിയത്. നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ബിജെപി സർക്കാരിൽ അദ്ദേഹം മന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഈ തോൽവി ഭജൻലാൽ സർക്കാരിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.