റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി
സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. പേശികളിലെ പരിക്ക് മൂലമാണ് തീരുമാനം. ഒരു വർഷത്തോളം പുറത്തിരുന്ന നദാൽ കഴിഞ്ഞ ആഴ്ചയാണ് ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയത്
‘ബ്രിസ്‌ബേനിലെ അവസാന മത്സരത്തിനിടെ പേശികളിൽ ചെറിയ പ്രശ്നം അനുഭവപ്പെട്ടു. മെൽബണിൽ എത്തിയ ഉടൻ എംആർഐ സ്കാനിംഗ് നടത്തി. പരിശോധനയിൽ പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പുണ്ടായ പരുക്കിന്റെ അതേ സ്ഥലത്തല്ല പുതിയ പരുക്ക് എന്നത് ആശ്വാസകരമാണ്. പരിക്ക് മൂലം 5 സെറ്റ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കഴിയില്ല. സ്പെയിനിലേക്ക് മടങ്ങുകയാണ്. ഡോക്ടറെ കണ്ട ശേഷം വിശ്രമം ആവശ്യമായി വന്നേക്കാം’- നദാൽ ട്വീറ്റ് ചെയ്തു.
ബ്രിസ്‌ബേൻ ഇന്റർനാഷണലിന്റെ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംസണോട് നദാൽ പരാജയപ്പെട്ടിരുന്നു. മൂന്ന് മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിൽ 5-7, 7-6 (8/6), 6-3 എന്ന സ്‌കോറിനായിരുന്നു തോൽവി. ഈ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.