Kerala

പാല്‍രാജ് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ ബന്ധുക്കളെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയെന്ന് എഫ്‌ഐആര്‍

Spread the love

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ്. പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പൊലീസ് പറയുന്നില്ല. അപ്പോഴുള്ള പ്രകോപനത്തെ തുടര്‍ന്നാകാം ആക്രമണമെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പൊലീസ് പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ പിതാവിനും മുത്തശ്ശനും വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് വധശ്രമക്കേസിലെ പ്രതി പാല്‍രാജ്. ഇയാള്‍ അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ്. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം.