ഏകപക്ഷീയമായ വിധി നിർണയം; ദേശീയ സ്കൂൾ ഗെയിംസ് ബോക്സിങിൽ പരാതിയുമായി കേരള ടീം;
ദേശീയ സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ പരാതിയുമായി കേരള ടീം. വിധി നിർണയത്തിൽ അപാകതയുണ്ടെന്നാണ് ബോക്സിങ് താരങ്ങൾ ഉന്നയിക്കുന്ന ആരോപണം. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പരാജയപ്പെടുത്തിയെന്ന് താരങ്ങൾ പറഞ്ഞു. ഏകപക്ഷീയമായ വിധിയാണ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിൽ വിവേചനം നേരിട്ടുവെന്നും ആരോപിച്ച താരങ്ങൾ ബോക്സിങ് റിങിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അണ്ടർ 17, അണ്ടർ 19 ബോക്സിങ് താരങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്.
ഈ മാസം രണ്ടിന് ആരംഭിച്ച ബോക്സിങ് മത്സരമാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്. 27 താരങ്ങളാണ് കേരളത്തിൽ നിന്നുണ്ടായിരുന്നു. ക്വാർട്ടർ ഫൈനലിലേക്ക് കടക്കാതെ പലരും പുറത്താവുകയായിരുന്നു . മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സംഘാടകർ ഇടപെട്ട് തോൽപ്പിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം.
അഞ്ചുപേരടങ്ങുന്ന വിധികർത്താക്കളിൽ പലരും ഡൽഹിക്ക് അനുകൂലമായി തന്നെ വിധി പ്രഖ്യാപിക്കുകയായിരുന്നു. ബോക്സിങ് റിങ്ങിൽ തന്നെ കുത്തിയിരുന്ന് മത്സരാർത്ഥികൾ പ്രതിഷേധിച്ചു. കേരളത്തിന് അർഹതപ്പെട്ട മെഡലുകളാണ് നഷ്ടമായതെന്നും പരിശീലകരും താരങ്ങളും പറഞ്ഞു.