National

കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

Spread the love

കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജനുവരി 17 മുതൽ സംസ്ഥാനത്തുടനീളം ഡ്രൈവർമാർ പണിമുടക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) പ്രകാരം ഹിറ്റ് ആൻഡ് റൺ കേസുകൾക്കുള്ള കർശന നിയമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കേന്ദ്ര തീരുമാനം ഏകപക്ഷീയമാണ്. തിടുക്കപ്പെട്ടുള്ള തീരുമാനത്തിലെത്തുന്നതിന് മുമ്പ് തങ്ങളോട് കൂടിയാലോചന നടത്തിയില്ല. സംസ്ഥാനത്തെ മുഴുവൻ ട്രക്ക് ഡ്രൈവർമാരും പണിമുടക്കിൽ സഹകരിക്കും. ജനുവരി 17 മുതൽ ഒരു ലോറിയും നിരത്തിലിറങ്ങില്ല – ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി നവീൻ റെഡ്ഡി പറഞ്ഞു.

കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡിന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ് സൻഹിത പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പൊലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവർമാർക്ക് 7 ലക്ഷം രൂപ പിഴയും 10 വർഷം തടവ് ശിക്ഷയും ലഭിക്കുന്നതുമാണ് പുതിയ നിയമം. ഇതിനെതിരെ ട്രക്ക് ഡ്രൈവർമാർ, ടാക്സി, ബസ് ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചിരുന്നു.

തുടർന്ന് ജനുവരി 2 ന്, ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (എഐഎംടിസി) കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിന് ശേഷം ട്രക്ക് ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പുതിയ നിയമങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും എഐഎംടിസിയുമായി കൂടിയാലോചിച്ച ശേഷമേ നടപ്പാക്കൂവെന്നും സർക്കാർ ട്രാൻസ്പോർട്ട് ബോഡി അംഗങ്ങൾക്ക് ഉറപ്പ് നൽകി. എന്നാൽ ഈ ഉറപ്പ് രേഖാമൂലം നൽകിയില്ലെന്ന് ആരോപിച്ചാണ് അനിശ്ചിതകാല പണിമുടക്ക്.