പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അട്ടിമറി നടന്നു; വണ്ടിപ്പെരിയാർ കേസിൽ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അട്ടിമറി നടന്നെന്ന് എംഎൽഎ ആരോപിച്ചു. ഇടുക്കിയിൽ നിന്ന് കൊടുത്ത മൂന്ന് പേരുകൾ പരിഗണിച്ചില്ല. പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ പീരുമേട് എംഎൽഎ ഇടപെട്ടെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. പ്രതിയെ പിടികൂടുന്നതിലെ പൊലീസ് വീഴ്ചയിൽ പ്രതിഷേധിച്ച് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പീരുമേട് ഡിവൈഎസ്പി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മകളെ മാപ്പ് എന്ന പേരിൽ വണ്ടിപ്പെരിയാറിൽ കോൺഗ്രസ് സ്ത്രീജ്വാല സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസിലെ ആറുപെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തിപ്പരിക്കേൽപ്പിച്ച പാൽരാജ് പൊലീസ് പിടിയിലായി. കേസിൽ കോടതി വെറുതെ വിട്ട അർജുന്റെ പിതൃ സഹോദരനാണ് പ്രതി. ഇയാളെ സംരക്ഷിക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.പരുക്കേറ്റ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Also : തിരുവനന്തപുരത്ത് ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു
ഇന്നു രാവിലെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽവെച്ചാണ് പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും കുത്തേറ്റ ഇരുവരെയും നാട്ടുകാരാണ് പിരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പീരുമേട് നിന്ന് പൊലീസ് പിടികൂടി. ഇയാൾ സിപിഐഎമ്മിന്റെ പാർട്ടി ഓഫീസിൽ കയറിയിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.