National

ഇന്ത്യയിൽ ദക്ഷിണേന്ത്യൻ നഗരങ്ങളാണ് സുരക്ഷിതമെന്ന് സ്ത്രീകൾ; ആദ്യ അഞ്ചിലിടം പിടിച്ച് ​കൊച്ചിയും തിരുവനന്തപുരവും

Spread the love

ഇന്ത്യയിൽ സുരക്ഷിത നഗരങ്ങളിലേറെയും ദക്ഷിണേന്ത്യയിലാണെന്ന് സ്ത്രീകൾ. ‘ദ ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് സുരക്ഷിതമായ നഗരങ്ങളെ പറ്റിയുള്ള വിവരങ്ങളുള്ളത്.
രാജ്യത്തെ 113 നഗരങ്ങളിൽ നിന്നുള്ള സത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ തൊഴിൽ അവസരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ തെരഞ്ഞെടുക്കാൻ കാരണമായി വിലയിരുത്തുന്നത്.

ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതിൽ താഴെ ജനസംഖ്യയുള്ള നഗരം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഒരു കോടിയിൽ താ​ഴെയുള്ള 64 നഗരങ്ങളിലാണ് പഠനം നടത്തിയത്. ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ച് നഗരങ്ങളിൽ നാലെണ്ണവും ദക്ഷിണേന്ത്യയിൽ നിന്നാണ്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും വെല്ലൂരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നും നാലും സ്ഥാനത്ത് കൊച്ചിയും തിരുവനന്തപുരവും. ഹിമാചൽ പ്രദേശിലെ ഷിംലയാണ് അഞ്ചാമത്. പതിനൊന്നാം സ്ഥാനത്ത് കോഴിക്കോടും ഉണ്ട്.

ഒരു കോടിയിലേറെ ജനങ്ങളുള്ള 49 നഗരങ്ങളിൽ നടന്ന പഠനത്തിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിത ഇടമായി തെരഞ്ഞെടുത്തത് ചെന്നൈയെയാണ്. രണ്ടാമത് ബംഗളുരുവും, മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലെ പൂനെയും മുംബൈയുമാണ്.ഹൈദാരാബാദാണ് അഞ്ചാമത്. ഇരു ലിസ്റ്റിലും സ്ത്രീകൾ ഏറ്റവും ​സുരക്ഷിതമായി തെരഞ്ഞെടുത്ത സംസ്ഥാനത്തിൽ മുന്നിൽ തമിഴ്നാടാണ്.