‘കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദി’; ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ കൊമ്പുകോർത്ത് വി മുരളീധരനും മുഹമ്മദ് റിയാസും
രാഷ്ട്രീയ വാക്പോരിന് വേദിയായി കാസർഗോട് നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ്. പദ്ധതികൾ സംബന്ധിച്ച അവകാശവാദത്തെ ചൊല്ലി കേന്ദ്ര മന്ത്രി വി.മുരളീധരനും, മന്ത്രി പി.എ മുഹമ്മദ് റിയാസും പരിപാടിയിൽ കൊമ്പുകോർത്തു. മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്ന് വി മുരളീധരൻ പരിഹസിച്ചു. പല പദ്ധതികളും കേന്ദ്ര ഫണ്ട് കൊണ്ടാണ് നടത്തുന്നത്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരൻ പറഞ്ഞു
മുരളീധരന്റെ പരിഹാസത്തിന് ഉടനെത്തി റിയാസിന്റെ മറുപടി. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ് പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ഇനിയും സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരും. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായാത്. എന്നാൽ ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ദേശീയപാത വികസനത്തിന് കേരളം പണമൊന്നും നൽകിയിട്ടില്ലയെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ കുപ്രചാരണം നടത്തി.
കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി തന്നെ പാർലമെന്റിൽ ആ കുപ്രചാരണം അവസാനിപ്പിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് മന്ത്രി മറുപടി നൽകി.
ബിജെപി രാഷ്ട്രീയ ക്യാമ്പയിനായി ഏറ്റെടുത്തായിരുന്നു കാസർഗോട്ടെ പരിപാടി. സംഘാടനവും ബിജെപി നേതൃത്വം തന്നെ. ബൂത്ത് തലം മുതൽ അണികളെത്തി. എന്നാൽ തുടക്കം മുതൽ നാടകീയതയായിരുന്നു മംഗളൂരുവിൽ ഇറങ്ങേണ്ട വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ മൂലം കേന്ദ്ര മന്ത്രിമാരായ നിധിൻ ഗഡ്‌കരി, വി.മുരളീധരൻ, എന്നിവർ നേരിട്ട് പങ്കെടുക്കില്ലെന്ന് അവസാന നിമിഷം അറിയിച്ചു. പരിപാടി തുടങ്ങി വേദിയിൽ അവശേഷിച്ചത് ഇടത്, വലത് ജനപ്രതിനിധികൾ മാത്രം. ഉദ്ഘാടനത്തിന് കാത്തിരിക്കാതെ അണികളുടെ ഇറങ്ങിപ്പോക്കുമുണ്ടായി.
തുടർന്ന് ചടങ്ങ് രാഷ്ട്രീയ വാക്പോരിന് വേദിയായി. ഓൺലൈൻ പ്രസംഗത്തിനിടെ ആദ്യം തുടങ്ങിയത് കേന്ദ്ര മന്ത്രി.മുരളീധരനായിരുന്നു. വിമർശനങ്ങൾക്ക് റിയാസിന്റെ മറുപടികളും. ഒടുവിൽ രാഷ്ട്രീയ പോർവിളിക്കിടെ വിവിധ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും, തറക്കില്ലിടലും കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി നിർവഹിച്ചു.