പഴയങ്ങാടി മര്‍ദന കേസിലെ അറസ്റ്റും എം വിജിനോടുള്ള പെരുമാറ്റവും; ഒടുവില്‍ പൊലീസിനെ കടന്നാക്രമിച്ച് കണ്ണൂര്‍ സിപിഐഎം; പൊലീസ് രാജെന്ന് ആക്ഷേപം
പൊലീസിനെ കടന്നാക്രമിച്ച് കണ്ണൂരിലെ സിപിഐഎം. പഴയങ്ങാടി മര്‍ദന കേസിലെ അറസ്റ്റും എം വിജിന്‍ എംഎല്‍എയോടുള്ള മോശം പെരുമാറ്റവുമാണ് പ്രകോപനം. കളക്ട്രേറ്റ് പരിസരത്ത് ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പിനെതിരായ തുടര്‍ പരാതികളില്‍ മിതത്വം പാലിച്ച കണ്ണൂര്‍ പാര്‍ട്ടി ഒടുവില്‍ ന്യായീകരണ ലൈന്‍ കൈവിട്ടു. പഴയങ്ങാടിയിലെ കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വ്യാപകമായി വീടു കയറി പിടികൂടിയതും എം വിജിന്‍ എംഎല്‍എക്ക് സമരവേദിയില്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐയോട് പോരടിക്കേണ്ടി വന്നതുമാണ് ഒടുവിലത്തെ പ്രകോപനം. ഇ പി ജയരാജനെക്കൂടാതെ മാടായി ഏരിയ സെക്രട്ടറി വി വിനോദും പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ത്തി. പൊലീസ് രാജിന് നിന്നു തരില്ലെന്ന് മാടായി ഏരിയ സെക്രട്ടറി വി വിനോദ് തുറന്നടിച്ചു.
എം വിജിന്‍ എംഎല്‍എയെ പ്രകോപനമില്ലാതെ കണ്ണൂര്‍ ടൗണ്‍ എസ് ഐ അപമാനിച്ചുവെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ഗുരുതര വീഴ്ച മറയ്ക്കാന്‍ പോലീസ് പ്രകോപനമുണ്ടാക്കിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെജിഎന്‍എ സമരത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. എംഎല്‍എയെ ഒഴിവാക്കിയാണ് എഫ്‌ഐആര്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം വിജിന്‍ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്