ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി; പിന്നാലെ വിപണിയില്‍ അദാനി ഓഹരികള്‍ക്ക് നേട്ടം
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെ അദാനി ഓഹരികള്‍ക്ക് വിപണിയില്‍ നേട്ടം. രാവിലത്തെ കോടതി വിധിയ്ക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷം അദാനി ഓഹരികള്‍ ലാഭമുണ്ടാക്കി. ഏഴ് ശതമാനത്തിനടുത്ത് നേട്ടമാണ് അദാനി ഓഹരികള്‍ ഇന്നുണ്ടാക്കിയത്. ആദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ ഓഹരികളാണ് വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയത്.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ സുപ്രിംകോടതി ഇന്ന് അനുകൂലിക്കുകയായിരുന്നു. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ കോടതി തള്ളി. വിഷയത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്. സെബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വസ്തുതാപരമായി സ്ഥിരീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നാല് ഹര്‍ജികളില്‍ വിധി പ്രസ്താവിച്ചത്. അഭിഭാഷകരായ വിശാല്‍ തിവാരി, എംഎല്‍ ശര്‍മ, കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, അനാമിക ജയ്‌സ്വാള്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.