പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല, പരാമർശം പരിശോധിക്കും’; സജി ചെറിയാനെ തള്ളി എം.വി ഗോവിന്ദൻ
ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ല. പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണ്. സഭാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിൽ പരിശോധിക്കും. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാർക്ക് പ്രയാസമുണ്ടാക്കിയ പദം ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ നടപടിയുണ്ടാകും. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് കേരള കോൺഗ്രസ് (എം) മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇടതുമുന്നണി അഭിപ്രായം പറയുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഒരു മതത്തിനും വിശ്വാസത്തിനും സിപിഐഎം എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെയായിരുന്നു സജി ചെറിയാൻ വിമർശിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമർശം.