National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: അയോധ്യയിൽ സുരക്ഷ ശക്തമാക്കി

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദർശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എൻഎസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖ്നൗ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

ഡ്രോണുകൾ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണൽ എസ്പി, 82 ഡെപ്യൂട്ടി എസ്പി, 90 ഇൻസ്പെക്ടർ, 325 സബ് ഇൻസ്പെക്ടർ, 35 വനിതാ സബ് ഇൻസ്പെക്ടർ, 2000 കോൺസ്റ്റബിൾ, 14 കമ്പനി പിഎസി, 6 കമ്പനി സിആർപിഎഫ് എന്നിവരെ സുരക്ഷയുടെ ഭാഗമായി വിന്യസിക്കും.

രാമക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പുള്ള മോദിയുടെ സന്ദർശനം ഏറെ പ്രധാനമാണ്. അയോധ്യ ബൈപാസിലുടനീളം മോദിയുടെ ചിത്രങ്ങളുള്ള കൂറ്റൻ സ്വാഗത പോസ്റ്ററുകൾ നിരന്നിട്ടുണ്ട്. 15,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കാണ് മോദി നാളെ തുടക്കം കുറിക്കുക.

ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളവും പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.