വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ
വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേശീയ പാതാ അതോറിറ്റിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാത്തത് കാരണമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
എറണാകുളം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വല്ലാർപാടം കണ്ടെയ്‌നർ റോഡ് നിലവിൽ ഒരു വർഷത്തേക്ക് ഒ ആന്റ് എം ഫെയ്‌സിൽ ആണെന്നും ഈ കാലാവധി അവസാനിക്കാറായെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത 5 വർഷത്തേക്ക് കൂടി റോഡിന്റെ അറ്റകുറ്റ പണികൾ ചെയ്യാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്ക് അയച്ചു. ഇതിൽ വല്ലാർപാടം റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. കളമശേരി മുതൽ മുളവുകാട് ഗോശ്രീ പാലം വരെയുള്ള ഭാഗം ഇരുട്ടിലാണെന്ന് പരാതിക്കാരനായ കലൂർ സ്വദേശി ജോൺസൺ കമ്മീഷനെ അറിയിച്ചു.
പത്ര റിപ്പോർട്ടുകളിൽ നിന്നും ഇവിടെ അപകടം സർവ സാധാരണമാണെന്ന് മനസ്സിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അപകടകരമായ വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.