വർഗീയവാദികൾ വിശ്വാസത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നു, കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം’; രാമക്ഷേത്ര വിഷയത്തിൽ എം.വി ഗോവിന്ദൻ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഷയത്തിലെ കോൺഗ്രസ് സമീപനം രാഷ്ട്രീയ പാപ്പരത്തത്തെ വ്യക്തമാക്കുന്നു. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.
ബിജെപി ഉയർത്തുന്ന വർഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി അതിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പിന്തുണയോടെ ക്ഷേത്രം പണിയുന്നത് മതേതര രാജ്യത്തിന് യോജിച്ചതല്ല. ആർഎസ്എസ് വിശ്വാസത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യ വിഷയത്തിലെ ലീഗ് നിലപാട് മുന്നണിയുടെ ഭാഗമായത് കൊണ്ടാകാമെന്നും എം ഗോവിന്ദൻ പറഞ്ഞു.