National

രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പങ്കെടുക്കില്ല; പ്രവർത്തകർക്കോ നേതാക്കൾക്കോ വിലക്കില്ല: രാമക്ഷേത്ര ഉദ്ഘാടനത്തിൽ തന്ത്രപരമായ സമീപനവുമായി കോൺഗ്രസ്

Spread the love

രാമ ക്ഷേത്ര ഉദ്ഘാടനത്തിൽ തന്ത്രപരമായ സമീപനവുമായി കോൺഗ്രസ്. രാഷ്ട്രീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ് പങ്കെടുക്കില്ല. മുതിർന്ന നേതാക്കളും ഉദ്ഘാടനത്തിന് എത്തില്ല. എന്നാൽ, അയോധ്യ സന്ദർശിക്കാനോ പ്രാർത്ഥന നടത്താനോ നേതാക്കൾക്കോ പ്രവർത്തകർക്കോ വിലക്കുണ്ടാകില്ല എന്നതാണ് കോൺഗ്രസ് നിലപാട്.

ഹിന്ദി ഹൃദയഭൂമിയിൽ കോൺ​ഗ്രസ് വിമത നീക്കം ഭയക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രഖ്യാപനങ്ങൾക്ക് കോൺ​ഗ്രസ് വിലക്ക് ഏർപ്പെടുത്തി. അഭിപ്രായ ഭിന്നത പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് നേതൃത്വത്തിന്റെ നിർദേശം.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തെ കാര്യമായി എതിർക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളുടെയോ ഇന്ത്യാ മുന്നണിയുടേയോ താത്പര്യത്തിന് വഴങ്ങി ഈ വിഷയത്തിൽ ഒരു നിലപാടെടുത്താൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് കോൺ​ഗ്രസിന്റെ ആശങ്ക. അതേസമയം കോൺ​ഗ്രസിനെ ഈ വിധത്തിൽ സമ്മർദത്തിലാക്കുകയാണ് കോൺ​ഗ്രസ് നേതാക്കളെ ക്ഷണിച്ചതിലൂടെ കേന്ദ്രം ഉദ്ദേശിച്ചതെന്നും വിലയിരുത്തലുകളുണ്ടാകുന്നുണ്ട്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് നേതൃത്വത്തേയും രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് കോൺ​ഗ്രസിനുള്ള ക്ഷണം വെട്ടിലാക്കുന്നുണ്ട്. മുസ്ലീം ലീ​ഗ് ഉൾപ്പെടെയുള്ള കക്ഷികൾ വിഷയത്തിൽ നടത്തുന്ന പ്രതികരണവും കേരളത്തിലെ കോൺ​ഗ്രസിനെ സംബന്ധിച്ച് നിർണായകമാകും. ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം.