കോൺഗ്രസിന്റെ 139ാം സ്ഥാപക ദിനാഘോഷം; വൈകിട്ട് മൂന്നുമണിക്ക് നാഗ്പൂരിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം
കോൺഗ്രസിന്റെ 139ാം സ്ഥാപക ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ തുടക്കമായി. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ പതാക ഉയർത്തി. പിസിസികളിലും വിപുലമായ ആഘോഷം നടക്കുകയാണ്. വാർഷിക ദിനത്തിൽ നാഗ്പൂരിൽ കോൺഗ്രസിന്റെ ശക്തി പ്രകടനവുമായി മഹാറാലി നടക്കും.
ഡൽഹി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗ പതാക ഉയർത്തിയതോടെ രാജ്യത്തെമ്പാടും വിപുലമായ ആഘോഷങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിച്ചത്. എഐസിസി ആസ്ഥാനത്തെ ചടങ്ങിൽ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി ,കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ചും കോണ്ഗ്രസ് പതാക ഉയർത്തിയും ആഘോഷിച്ചു. ചടങ്ങിൽ എ കെ ആന്റണിയും വി ഡി സതീശനും ശശി തരൂരും കൊടിക്കുന്നിൽ സുരേഷും പങ്കെടുത്തു. സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കോണ്ഗ്രസിനെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇതെന്ന് നേതാക്കൾ പറഞ്ഞു.
വൈകിട്ട് മൂന്നുമണിക്കാണ് നാഗ്പൂരിൽ കോൺഗ്രസിന്റെ മഹാറാലി. ഭാരത് ജോഡോ മൈതാനിൽ നടക്കുന്ന റാലിയിൽ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി പ്രകടനമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയ ഗാന്ധി മഹാറാലിയിൽ പങ്കെടുക്കില്ല.