Kerala

വൈ​ഗ കൊലക്കേസ്; പ്രതി സനു മോഹന് ജീവപര്യന്തം

Spread the love

കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായി 28 വർഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.

2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈ​ഗയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മ​ഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വൈഗയെ പുഴയിലെറിഞ്ഞശേഷം സനുമോഹൻ കടന്നുകളഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളുകയായിരുന്നു.

കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തി.കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയിൽ സമർപ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്‌മെന്റിലെ താമസക്കാർ എന്നിവരടക്കം 300-ഓളം സാക്ഷികൾ കേസിലുണ്ടായിരുന്നു.