കെ.യു ബിജു കൊലക്കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ട് ഏരിയ സെക്രട്ടറി; വിവാദം
കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ കെ.യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയ സെക്രട്ടറി വേദി പങ്കിട്ട സംഭവം വിവാദത്തിൽ. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തിയേറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഐഎം ഏര്യാ സെക്രട്ടറി കെ.ആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എ.ആർ ശ്രീകുമാറും വേദി പങ്കിട്ടത്.
കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്. കേസുനടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം ഉണ്ടായിരുന്നു. അമർഷം നിലനിൽക്കെയാണ് വേദി പങ്കിടൽ. ഇതിനെതിരെ പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനവുമായി എത്തിയിട്ടുണ്ട്.