നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പാലത്തിന്റെ മുകളില്‍ അപകടം നടക്കുമ്പോള്‍ 30 പേരോളം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കൈയ്ക്കും കാലിനും ഒടിവ് ഉള്‍പ്പെടെ പറ്റിയ ആളുകളെ ആശുപത്രിയിലെത്തിച്ചെന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്‌സിലെ സന്തോഷ് എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിക്കിലും തിരക്കിലും നിന്ന് ഓടിമാറാന്‍ ശ്രമിച്ച ചിലര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരുക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലെത്തിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. മ്യൂസിക് വാട്ടര്‍ ഷോ നടക്കുന്നതിന് സമീപത്തുവച്ചാണ് താത്ക്കാലിക പാലം തകര്‍ന്നുവീണത്. ആകെ ആയിരത്തിലധികം പേരാണ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നത്.