National

ക്രിമിനല്‍ ബില്ലുകളില്‍ രാഷ്ട്രപതിയും ഒപ്പുവച്ചു; IPC, CrPC, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഇനി മൂന്ന് പുതിയ നിയമങ്ങള്‍

Spread the love

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. മൂന്ന് ബില്ലുകളിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയായിരുന്നു മൂന്ന് ബില്ലുകള്‍. ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയ്ക്ക് പകരമായിട്ടായിരുന്നു പുതിയ നിയമനിര്‍മാണം. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് പുതിയ ബില്ലുകള്‍ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷ.

1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിര്‍മ്മാണം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമങ്ങള്‍ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിര്‍വഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.