Kerala

‘അപേക്ഷകന് പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയത്’; 515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്

Spread the love

വായ്പാ കുടിശ്ശികയിൽ ഇളവ് തേടി നവകേരള സദസിൽ പരാതി നൽകിയ ആൾക്ക് തുച്ഛമായ തുക മാത്രം കുറച്ചതിൽ വിശദീകരണവുമായി കേരള ബാങ്ക്. 4 ലക്ഷം രൂപയുടെ വായ്പയിൽ വെറും 515 രൂപയാണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ അപേക്ഷകന് ഇളവ് അനുവദിച്ചത്. അപേക്ഷകന് മാനദണ്ഡപ്രകാരം പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയതെന്ന് കേരള ബാങ്ക് ഇരിട്ടി സായാഹ്ന ശാഖാ മാനേജർ വ്യക്തമാക്കി.

കൂലിപ്പണിക്കാരനായ പരാതിക്കാരൻ കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് നാല് ലക്ഷം രൂപയാണ് ലോൺ എടുത്തത്. വീടിൻ്റെ അറ്റപ്പണിക്കായി എടുത്ത ലോണിൽ തിരിച്ചടവായി ഇനി അവശേഷിക്കുന്ന തുക 3,97,731 രൂപ. നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയപ്പോൾ നേരിട്ട് പോയി പരാതി നൽകി. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയുള്ള സഹകരണ സംഘം ജോയിൻ രജിസ്ട്രാറുടെ മറുപടി ലഭിച്ചു. പരമാവധി ഇളവായി ലഭിച്ചത് 515 രൂപ മാത്രം. അതായത് 3,97,731 രൂപയിൽ നിന്ന് 515 രൂപ കുറച്ച് ബാക്കി 3,97216 രൂപ അടയ്ക്കണം. പരാതി തീർപ്പാക്കൽ മറുപടിയിലെ കൗതുകം വൈറൽ ആയതോടെ സാങ്കേതികത്വം വിശദീകരിച്ച് കേരള ബാങ്ക് ഇരിട്ടി സായാഹ്നശാഖ മാനേജർ എം കെ വിനോദ്.

അതേസമയം മന്ത്രിസഭ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച 37 ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലെത്തിയത് പരാതികളുടെ കൂമ്പാരമാണ്. 6,21,167 പരാതികളാണ് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍ ലഭിച്ചത്. പരാതി പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓഫീസർമാരെ അടിയന്തരമായി നിയോഗിക്കുമെന്നാണ് സർക്കാർ പറയുന്നത്.