Monday, February 24, 2025
Latest:
Kerala

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോൺഗ്രസ് മറുപടി പറയട്ടെ’: ഇന്ത്യയില്‍ സൗഹൃദത്തിന് പ്രാധാന്യമുണ്ട്; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

Spread the love

ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും വ്യത്യസ്തമായ കാര്യമാണ്. മറ്റ് സമുദായങ്ങളുടെ സംസ്‌കാരം പകര്‍ത്തേണ്ടതില്ല. സമസ്തയുടെ നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു.

നമ്മുടെ നാട് എല്ല സമുദായവും ജീവിക്കുന്നിടമാണ്. ഇന്ത്യയില്‍ സൗഹൃദത്തിന് വളരെ പ്രാധാന്യമുണ്ട്. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി എന്നിവരുടെ കാലത്ത് അവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിലാണ് ജിവിച്ചിട്ടുള്ളത്.

പഴയകാലം മുതല്‍ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്ലാമികമായി അംഗീകരിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍, ഇസ്ലാമികമാണെന്നു വരുത്താത്ത വിധത്തില്‍ പണ്ടത്തെ പോലെ ഇനിയും ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു.