ദിശാബോധം നൽകാൻ കഴിവുള്ളവർ കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമാവണം; ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ
ദിശാബോധം നൽകാൻ കഴിവുള്ളവർ കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി വരണമെന്നും അങ്ങനെയുള്ളവരെ നയിക്കാൻ കരുത്തുള്ള വ്യക്തിയാണ് ഡോ. ശശി തരൂരെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളിയിൽ നസ്രാണി യുവശക്തി സംഗമം ഉദ്ഘാടനം വേദിയിലാണ് അദ്ദേഹം ശശി തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയത്. തരൂരിനെ സദസിലിരുത്തിയായിരുന്നു ബിഷപ്പിൻ്റെ പരാമർശം. കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകണം. ഇക്കാര്യം പച്ചയ്ക്ക് പറയാൻ തനിക്ക് മടിയില്ല. എല്ലാവരെയും ചേർത്ത് പിടിക്കാൻ കഴിയുന്ന ആളുകൾ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് വരണം. വർഗീയ ദുർവികരണം സമകാലീന രാഷ്ട്രീയ സാഹചര്യത്തിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയെ അപമാനിക്കുന്നന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ കിട്ടുന്ന കാലമാണിതെന്ന വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ രംഗത്തെത്തി. സഭയ്ക്ക് എതിരെയുള്ള വാർത്തകൾക്ക് സ്പോർണർമാരെ കിട്ടാനും ഒരു പഞ്ഞവുമില്ല ഇപ്പോൾ. മമ്മൂട്ടി അഭിനയിച്ച സ്വവർഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്ന കഥാപത്രം ക്രിസ്താനി ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കാഞ്ഞിരപ്പള്ളിയിൽ നസ്രാണി യുവശക്തി സംഗമം ഉദ്ഘാടനം വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം
ഇത്തരം സിനിമകളുടെ കഥാപശ്ചാത്തലും ക്രൈസ്തവ ദേവലായങ്ങൾ ആയത് എന്തുകൊണ്ടാണ്?. വേറെ ഏതെങ്കിലും മതത്തിൻ്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ അത് തീയറ്റർ കാണില്ല. അവർ തിയേറ്റർ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങൾ ഉണ്ടാക്കുമ്പോൾ ജാഗ്രത വേണമെന്നും ക്രൈസ്തവ സഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ബിഷപ്പ് തറയിൽ വ്യക്തമാക്കി.