വീണ്ടും കൊമ്പുകോർക്കാൻ ഒരുങ്ങി ‘റോബിൻ’; നിയമം ലംഘനം കണ്ടാൽ കർശന നടപടിയെന്ന് എംവിഡി
പത്തനംതിട്ട: റോബിൻ ബസ് നാളെ മുതൽ വീണ്ടും പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് ബസ് ഉടമ. കോടതി നിർദേശപ്രകാരം ഇന്നലെ മോട്ടോർ വാഹന വകുപ്പ് ബസ് വിട്ട് നൽകിയിരുന്നു. അതേസമയം, നിയമം ലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് റോബിൻ ബസ് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് വിട്ടുകൊടുത്തത്. കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം ഇന്നലയാണ് ബസ് കൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
അതേസമയം, നാളെ മുതൽ പത്തനംതിട്ടയിൽ നിന്ന് വീണ്ടും സർവീസ് തുടങ്ങുമെന്ന് റോബിന്‍ ബസിന്‍റെ നടത്തിപ്പുകാരൻ ഗിരീഷ് അറിയിച്ചു. ഇതുവരെ നിയമം പാലിച്ചാണ് സര്‍വീസ് നടത്തിയതെന്നും ഇനിയും നിയമം പാലിച്ചായിരിക്കും സർവീസ് നടത്തുകയെന്നും ഗരീഷ് പറഞ്ഞു. എംവിഡി പിടിച്ചിട്ട ബസിൽ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകണം. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. മറ്റ് ബാഗുകളൊക്കെ അവിടെയുണ്ട്. വിലപിടിപ്പുള്ളവയാണ് നഷ്ടമായതെന്നും റോബിൻ ഗിരീഷ് പറയുന്നു.