അയോധ്യയിൽ ഒന്നര വര്‍ഷം സുഗന്ധം പരത്തും രാംമന്ദിര്‍ അഗര്‍ബതി; നീളം 108 അടി
അയോധ്യയില്‍ 108 അടി നീളമുള്ള ഭീമന്‍ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. രാമജന്‍മഭൂമി മന്ദിറിന്റെ ഉദ്ഘാടനത്തിനായി ഉദ്ദേശിച്ചുള്ള ധൂപത്തിരിയുടെ നിര്‍മാണം ഗുജറാത്തിലെ വഡോദരയിലാണ് നടക്കുന്നത്. ജനുവരി 22നാണ് ഉദ്ഘാടനം.
ഗുജറാത്തിലെ വഡോദരയില്‍ ഒരു ഭക്തന്‍ സൃഷ്ടിച്ച അഗര്‍ബത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തി നിൽക്കുന്ന കൂറ്റന്‍ അഗര്‍ബത്തിക്ക് നൽകിയ പേരും രാമന്റേത് തന്നെ, രാംമന്ദിര്‍ അഗര്‍ബത്തി.
ഗോപാലക് വിഹാ ഭായി ഭാര്‍വാദ് എന്നയാളാണ് അഗര്‍ബത്തി നിര്‍മിച്ച് പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുന്നത്. 108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്.
3000 കിലോഗ്രാം ഗിർ ചാണകം, 91 കിലോഗ്രാം ഗിർ പശു നെയ്യ് , 280 കിലോഗ്രാം ദേവദാർ മരത്തിന്റെ തടി, കൂടാതെ ഇന്ത്യൻ സാംസ്കാരിക പ്രാധാന്യമുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് ഈ അസാധാരണ ധൂപത്തിരി നിര്‍മിച്ചിരിക്കുന്നത്. ട്രെയിലര്‍ ട്രക്കിലാണ് ഭീമാകാരമായ ധൂപത്തിരി അയോധ്യയിലേക്ക് കൊണ്ടുപോവുക. 1800 കിലോമീറ്ററോളം സഞ്ചരിച്ചാവും ട്രെയിലര്‍ ധൂപത്തിരി അയോധ്യയിലെത്തിക്കുക.