Kerala

മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസ് ഫാസിസ്റ്റ് നടപടി; ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണെന്ന് കെ.അജിത

Spread the love

നവകേരള യാത്രയ്ക്കിടയിലെ യൂത്ത് കോൺഗ്രസുകാരുടെ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസ് ഫാസിസ്റ്റ് നടപടിയെന്ന് പൊതുപ്രവർത്തക കെ.അജിത. പൊലീസ് കേസെടുത്തത് ഭീഷണിയുടെ ഭാഗമായിട്ടാണ്. ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണ്. മാധ്യമപ്രവർത്തകയ്‌ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ അജിത പ്രതികരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതൃത്വവും പൊലീസിനെ ന്യായീകരിക്കുമ്പോഴും ട്വന്റിഫോർ പ്രതിനിധിക്ക് എതിരായ കേസിൽ പ്രതിഷേധം ശക്തമാകുകയാണ്. അനാവശ്യമായി കേസെടുക്കാനുള്ള പ്രവണത മുളയിലേ നുള്ളണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

കേസ് നിർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നായിരുന്നു മുസ്ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കുക എന്നത് ഭരണപക്ഷത്തിന്റെ ധർമ്മമാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരിയും വ്യക്തമാക്കി.

ഇതിനിടെ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടായതുകൊണ്ടായിരിക്കണം കേസെടുത്തതെന്നായിരുന്നു നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഇതിനിടെ പൊലീസ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും വിമർശനം ശക്തമാകുകയാണ്. സിഡിആർ ചോർന്ന വിഷയത്തിൽ പൊലീസും പ്രതിരോധത്തിലായിട്ടുണ്ട്.