Kerala

വിനീത വി.ജിക്ക് എതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തോട് ചെയ്യുന്ന അനീതി; പാണക്കാട് സാദിഖ് അലി തങ്ങൾ

Spread the love

മാധ്യമപ്രവർത്തക വിനീത വി.ജിക്ക് എതിരായ പൊലീസ് കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേറ്റമാണെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. വാർത്തകൾ എത്തിക്കലാണ് മാധ്യമങ്ങളുടെ ചുമതല, അതിനെ വിമർശിക്കേണ്ടതില്ല, ആ വിമർശനം ശെരിയുമല്ല. ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തോട് ചെയ്യുന്ന അനീതിയാണ് ഇത്. കേരളത്തിൽ പ്രതിപക്ഷ സ്വരത്തെ ഭയപ്പെടുന്നവർ ഉണ്ടോ എന്ന് സംശയമുണ്ടെന്നും കേന്ദ്രത്തിൽ അങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാൻ പൊലീസിന് നിർദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് മാർച്ചിൽ കേരള പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. FIRൽ ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തിൽ?. ഗൺമാൻ ഇപ്പോൾ VIP ആണ്, പൂർണ സംരക്ഷണം നൽകുകയാണ് സർക്കാർ. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയിൽ മോദി കേസ് എടുക്കുന്നു, കേരളത്തിൽ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും
അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാൻ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബഹിഷ്കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. LDF നേതാക്കൾക്ക്പോലും നവകേരള സദസിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടൻ, ശൈലജ ടീച്ചർ എന്നിവർ അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ്‌ റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാർ സംരക്ഷിക്കുന്നില്ലെന്നും മരുമകൻ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കെ.ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെയും വിഡി സതീശൻ രം​ഗത്തെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ്കുമാറെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നവകേരള സദസിന്റെ പ്രയോജനം എന്താണ്?. നടന്നത് LDF പ്രചാരണം മാത്രമാണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ നടത്താൻ UDF തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞത്. എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്?. നവകേരള സദസിൽ നടന്നത് ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോൻ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. UDF സമരങ്ങൾ തുടരും. കെപിസിസി കൂടി ആലോചിച്ച് തുടർ സമരങ്ങൾ നടത്തുമെന്നും ഒരടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.