ധർമ്മടത്ത് പിണറായിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി. രഘുനാഥ് ബിജെപിയിൽ ചേരും
ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പിണറായി വിജയനെതിരെ മത്സരിച്ച സി. രഘുനാഥ് ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ നിന്നും അദ്ദേഹം രാജിവച്ചത്. ഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും സി. രഘുനാഥ് ബിജെപി അംഗത്വം സ്വീകരിക്കും.
കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്ന് രഘുനാഥ് അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോൺഗ്രസ് വിട്ട വേളയിൽ സി രഘുനാഥിന്റെ പ്രതികരണം. കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ഏറെ കാലമായി താൻ പാർട്ടിക്കുള്ളിൽ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും പാർട്ടിക്കകത്ത് പറയുമ്പോൾ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പരിപാടികളിൽനിന്നും മനപ്പൂർവം തഴഞ്ഞു. ധർമ്മടത്ത് നടന്ന യു.ഡി.എഫിന്റെ വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിക്കെതിരേ ധർമ്മടത്ത് മത്സരിച്ച തന്നെ വേദിയിൽ വേണ്ടെന്ന് തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വവുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ ഡി.സി.സി നേതൃത്വം എത്തിയതോടെ തന്നെയും തന്റെ അനുയായികളേയും പൂർണ്ണമായും തഴഞ്ഞുവെന്നും ഒരു കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.