ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മു കശ്മീർ സന്ദർശിക്കും
ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. അവിടുത്തെ സാഹചര്യം നേരിട്ട് വിലയിരുത്താനാണ് സന്ദർശനം. സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയും മനോജ് പാണ്ഡെ വിലയിരുത്തും. തുടർച്ചയായുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനോജ് പാണ്ഡെയുടെ ജമ്മു കശ്മീർ സന്ദർശനം.
ഇന്ന് ജമ്മു കശ്മീരിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ടായി വിരമിച്ച മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖലയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡിയിലേക്ക് സൈനികരുമായി പോയ വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യ വരിച്ചിരുന്നു. രജൗരി- പുഞ്ച് സെക്ടറിൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച പുലർച്ചെ മുതൽ നിർത്തിവെച്ചിരുന്നു. ജമ്മുവിലെ അഖ്നൂരിൽ രാജ്യാന്തര അതിർത്തിക്ക് സമീപം ഭീകരരുടെ നുഴുഞ്ഞുകയറ്റശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. കരസേനയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് മൂന്നു ഭീകരർ പിൻവാങ്ങുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം മുമ്പ് പൂഞ്ച് ജില്ലയിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ ഭരണകൂടത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് തന്നെയായിരുന്നു ഈ വിവരം എക്‌സിൽ കുറിച്ചത്.