National

ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ISRO

Spread the love

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ. ഭൂമിയുടെയും സൂര്യൻറെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയൻറിൽ ജനുവരി ആറിന് പേടകെ എത്തിച്ചേരുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. പേടകം ലഗ്രാഞ്ച് പോയൻറിൽ എത്തുന്നതിൻറെ കൃത്യമായ സമയം പിന്നീട് അറിയിക്കാമെന്ന് സോമനാഥ് അറിയിച്ചു.

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നാലെ സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യൻറെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയൻറിന് പോയൻറിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയൻറിൽ എത്തിക്കും. 126 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ആദിത്യ ലക്ഷ്യത്തിലേക്ക് എത്തുന്നത്.

പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് പോയിന്റുകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച്. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത്. ഇന്ത്യയുടെ ഈ ദൗത്യം വിജയം കാണുന്നതോടെ അടുത്ത അഞ്ചു വർഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യും.

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് പേലോഡുകൾ അടങ്ങുന്നതാണ് ആദിത്യ എൽ വൺ പേടകം. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് ഒന്നിന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും. ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽ നിന്ന് ഐഎസ്ആർഒ പുറത്ത് കടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ വൺ. ചൊവ്വയെക്കുറിച്ച്‌ പഠിക്കാൻ അയച്ച മംഗൾയാൻ പേടകമാണ് ഇതിനു മുൻപ് ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്തേക്ക് അയച്ചത്.

സൂര്യൻറെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിൻറെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1ന്റെ ദൗത്യം. അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.