‘അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ല’; വിനീത വി.ജി ക്കെതിരായ കേസിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
മാധ്യമപ്രവർത്തക വിനീത വി.ജി ക്കെതിരെ കേസെടുത്ത നടപടിയിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസെടുത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനം വക്രീകരിക്കൽ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ വൈകാരികമായി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പൊലീസിന്റെ ജോലിയാണെന്നും സജി ചെറിയാൻ പ്രതികരിച്ചു.
ഇതിനിടെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്ക്കെതിരെയുള്ള കേസ് കൂടുതൽ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.