പ്രാഗ് സര്‍വകലാശാല വെടിവെപ്പ്; പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും
ദുബൈ: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ യുഎഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചെക് അതോറിറ്റിയുമായും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സംഘത്തിന്റെയും സഹായത്തോടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 24 കാരനായ ചെക്ക് വിദ്യാർഥി പ്രാഗ് സർവകലാശാലയിൽ ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി