പൊലീസ് അതിക്രമത്തിൽ പ്രതിഷേധം സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കോൺഗ്രസ്; വൈകിട്ട് പന്തംകൊളുത്തി പ്രകടനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം നടക്കും. യൂത്ത് കോൺഗ്രസ് മാര്‍ച്ചിലും കെഎസ്‌യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരൻ പ്രസംഗം ആരംഭിച്ചപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
പ്രസംഗത്തിനിടെ ഒരു വശത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിൽ കയറിയതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗവും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് ഒരു കണ്ണീര്‍ വാതക ഷെല്ല് വീണത്. ഇതാണ് നേതാക്കൾക്കാകെ അസ്വാസ്ഥ്യം നേരിടാൻ കാരണം. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോയി. ഇവിടെ റോഡ് ഉപരോധിച്ചത് വലിയ ഗതാഗത തടസം ഉണ്ടാകാൻ കാരണമായി.