‘ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം’ : എം.വി ഗോവിന്ദൻ
ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് ഇന്നും പറയുന്നു ശക്തമായി കടന്നാക്രമിക്കുമെന്നാണ്. പാർട്ടി പ്രവർത്തകരെ ആക്രമിക്കണമെന്ന ആഹ്വാനം മനസിലാക്കാം. എന്നാൽ സമരത്തിൽ ആയുധങ്ങൾ വലിച്ചെറിയുന്ന പൊലീസിനെ ആക്രമിക്കുന്ന, കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുന്ന നിലപാടിനോട് എങ്ങനെ നാട് പ്രതികരിക്കുമെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
‘യുഡിഎഫിനും ബിജെപിക്കും വിളറി പിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഇന്നും പറയുന്നു ശക്തമായി കടന്നാക്രമിക്കുമെന്ന്. ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. എന്തുകൊണ്ടാണ് പ്രകോപനം എന്ന് അറിയാം. നാളെയാണ് നവകേരള സദസിന്റെ സമാപനം. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ജനസാന്നിധ്യത്തെ പ്രതിരോധിക്കാനാകുമെന്നാണ് ആഗ്രഹമെങ്കിൽ ജനങ്ങൾ മനസിലാക്കും’- എം.വി ഗോവിന്ദൻ പറയുന്നു. യുഡിഎഫിൽ മുന്നിൽ വരാനാണ് ഈ കോപ്രായങ്ങളെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വ്യാജ ഐഡി കാർഡ് പ്രശ്നം ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. കലാപത്തിനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. സർക്കാർ അത് ഫലപ്രദമായി കൈകാര്യ ചെയ്യും. സർക്കാരിനെ അട്ടിമറിക്കാനാണ് യുഡിഎഫ് -ബിജെപി നീക്കം. ഇവർ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. തല്ലുക എന്നതാണ് പരിപാടി എന്നു പറഞ്ഞാൽ തിരിച്ചു തല്ലു കൊള്ളാനും തയാറായിരിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് അടിയും തടയും. അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് പറയട്ടെ ഏതു ഭാഗത്തെ അടിയാണ് ശരിയെന്നും തെറ്റെന്നും.
ഗവർണർക്കെതിരെയും എം.വി ഗോവിന്ദൻ തുറന്നടിച്ചു. ഗവർണർ എല്ലാ പരിധികളും ലംഘിക്കുന്നുവെന്നും സർവകലാശാല ഭേദഗതി നിയമം രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം ഉപയോഗിക്കാർ ശ്രമിക്കുന്നുവെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് അധികാര ദുർവിനിയോഗവും ഭരണഘടനാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവർണറെ പിന്തുണച്ച സുധാകരന്റെ നിലപാട് – കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ആളെ റിക്കൂട്ട് ചെയ്യാൻ വേണ്ടിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.