Kerala

ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം: 10 കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്റിൽ, ഫ്ലക്സ് നശിപ്പിച്ച കേസിൽ ജാമ്യം

Spread the love

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ 10 കെഎസ്‌യു പ്രവര്‍ത്തകര്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു കേസിൽ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും. നവ കേരള സദസ്സിന്റെയടക്കം ഫ്ലക്സ് ബോര്‍ഡുകൾ നശിപ്പിച്ചതിനെതിരെ വികെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് ഒരു കേസ് എടുത്തത്. ഇതിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ ജാമ്യ ഹര്‍ജികൾ കോടതി നാളെ പരിഗണിക്കും. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ വികെ പ്രശാന്ത് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരള ഹൈക്കോടതി നിരോധിച്ച ഫ്ലക്സ് ബോർഡുകൾ പൊതുനിരത്തിൽ സ്ഥാപിച്ച എംഎൽഎക്കെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ കോടതിയിൽ വാദിച്ചത്.