രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഖാർഗെയ്ക്കും സോണിയയ്ക്കും ക്ഷണം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചു. ജനുവരി 22 ആണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കും ക്ഷണങ്ങൾ അയച്ചേക്കും.
വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള ആദരണീയരായ സന്യാസിമാരെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. നാലായിരത്തോളം സന്യാസിമാരെയാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്.