Kerala

തോക്കിനെയും ഗുണ്ടകളെയും നേരിട്ട കാലം വിവരിച്ച് മുഖ്യമന്ത്രി, നവകേരള സദസ്സ് തലസ്ഥാനത്ത്; കനത്ത സുരക്ഷ

Spread the love

തിരുവനന്തപുരം: നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം തലസ്ഥാന ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും. ഇന്ന് രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിൽ വച്ചാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നടക്കുക. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. മൂന്നാം നാൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിടെക്നിക്കിൽ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്.

നവകേരള സദസ് അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രതിഷേധങ്ങളും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. നവകേരള സദസ് ജനങ്ങളിലുണ്ടാക്കുന്ന മികച്ച അഭിപ്രായം ഭയന്നാണ് പ്രതിപക്ഷം അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ആരോപണം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് നവകേരള സദസ്സിന് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. വർക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഈ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്.