Kerala

‘പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കേരളത്തിന്റെ കത്ത്

Spread the love

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് സംസ്ഥാനസര്‍ക്കാര്‍. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത്. രാഷ്ട്രപതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സര്‍ക്കാരിനോടുള്ള വെല്ലുവിളിയെന്ന നിലയില്‍ ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കോഴിക്കോട് മിഠായി തെരുവില്‍ ജനങ്ങളുടെ നടുവിലേക്കിറങ്ങിയത്. തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐയെ അടക്കം വെല്ലുവിളിച്ച് മാനാഞ്ചിറ മൈതാനത്തും ഗവര്‍ണറെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് ഇറങ്ങുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മിഠായി തെരുവില്‍ കച്ചവടക്കാരില്‍ നിന്ന് ഹല്‍വ രുചിച്ചും ആളുകള്‍ക്കൊപ്പം ഫോട്ടെയെടുത്തുമായിരുന്നു ഗവര്‍ണറുടെ നടപ്പ്. പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി.

കേരളത്തില്‍ കലാപം ഉണ്ടാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പ്രകോപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. മുണ്ട് മാടിക്കെട്ടി അടിക്കാന്‍ പുറപ്പെടുന്നു. വിദ്യാഭ്യാസ മേഖല ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനാണ് ബി ജെ പി നീക്കമെന്നും ബി ജെ പി നയം നടപ്പിലാക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.